പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖ ഇസ്ലാമിക പണ്ഡിതനും വലിയ ആത്മീയ ആചാര്യനുമായ മൗലാനാ ജലാലുദ്ധീൻ റൂമി (റ) ഇന്ന് ലോകമെമ്പാടും വായനക്കാരുള്ള കാവ്യപ്രതിഭയാണ്. എന്നാൽ അദ്ദേഹത്തിന്റെ ചിന്തകളുടെയും കാവ്യങ്ങളുടെയും ആത്മാവ് മനസ്സിലാക്കാതെ, സ്വന്തം താല്പര്യങ്ങൾക്ക് അനുസൃതമായി അദ്ദേഹത്തെ വ്യാഖ്യാനിക്കുന്ന ഒരു രീതി ആധുനിക കാലത്ത് വ്യാപകമാണ്. സൂഫിസത്തെ ഇസ്‌ലാമിമക നിയമങ്ങളിൽ (ശരീഅത്) നിന്നും ആരാധനാ നിഷ്ഠകളിൽ നിന്നും വേർപെടുത്തി, വെറുമൊരു "ലിബറൽ ആത്മീയത"യോ അല്ലെങ്കിൽ അതിരുകളില്ലാത്ത പ്രണയകാവ്യമോ മാത്രമായി ചിത്രീകരിക്കുന്നത് റൂമിയോടും യഥാർത്ഥ ഇസ്ലാമിക തസവ്വുഫിനോടും കാണിക്കുന്ന വലിയ അനീതിയാണ്.

ആരായിരുന്നു മൗലാനാ റൂമി?

പാശ്ചാത്യ ലോകത്ത് വെറുമൊരു "പ്രണയ കവി" ആയി ചിത്രീകരിക്കപ്പെടുമ്പോഴും, റൂമി അടിസ്ഥാനപരമായി ഹനഫി മദ്ഹബിലെ വലിയൊരു ഇസ്ലാമിക പണ്ഡിതനും, ഫഖീഹും, മുഫ്തിയും അധ്യാപകനുമായിരുന്നു.

അദ്ദേഹത്തിന്റെ ലോകപ്രശസ്തമായ മാസ്റ്റർപീസ് ഗ്രന്ഥമായ 'മസ്നവി' (Masnavi) പരമ്പരാഗതമായി അറിയപ്പെടുന്നത് "പേർഷ്യൻ ഭാഷയിലെ ഖുർആൻ" എന്നാണ്. ഖുർആൻ ആയത്തുകളുടെയും തിരുനബി (സ്വ) തങ്ങളുടെ ഹദീസുകളുടെയും പ്രായോഗിക ആത്മീയ വ്യാഖ്യാനങ്ങളാണ് മസ്നവിയിലെ ഓരോ കഥയും വരികളും. ഖുർആനിലും പ്രവാചകചര്യയിലും ഊന്നിയല്ലാതെ റൂമിക്ക് മറ്റൊരു വഴിയുണ്ടായിരുന്നില്ല.

റൂമിയുടെ പ്രഖ്യാപനം:

റൂമിയെ ശരീഅത്തിന് പുറത്തുനിർത്തി കാണാൻ ശ്രമിക്കുന്നവർക്കുള്ള ഏറ്റവും വലിയ മറുപടി അദ്ദേഹത്തിന്റെ സ്വന്തം വരികൾ തന്നെയാണ്:

"ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുർആന്റെ ദാസനാണ്.

അല്ലാഹുവിന്റെ തിരുദൂതരായ മുഹമ്മദ് നബി (സ്വ) തങ്ങളുടെ പാദധൂളിയാണ് ഞാൻ.

ഇതല്ലാതെ മറ്റാരെങ്കിലും എന്റെ വരികളെ വ്യാഖ്യാനിച്ചാൽ, അവരിൽ നിന്നും അവരുടെ വാക്കുകളിൽ നിന്നും ഞാൻ ഒഴിഞ്ഞുമാറുന്നു, എനിക്ക് അതിൽ യാതൊരു ബന്ധവുമില്ലെ"ന്ന് മൗലാനാ റൂമി തന്നെ വ്യക്തമാക്കുന്നു.

(ദിവാനെ ശംസ് തബ്രീസി)

മസ്നവിയുടെ അഞ്ചാം പുസ്തകത്തിന്റെ ആമുഖത്തിൽ ശരീഅത്തും തരീഖത്തും ഹഖീഖത്തും തമ്മിലുള്ള ബന്ധത്തെ കുറിച്ച് റൂമി വിശദീകരിക്കുന്നത്

"ശരീഅത്ത് ഒരു മരുന്നുപോലെയാണ്; രോഗം മാറ്റാനുള്ള നിർദ്ദേശങ്ങൾ.

തരീഖത്ത് ആ മരുന്ന് കൃത്യമായി കഴിക്കലും പഥ്യം പാലിക്കലുമാണ്.

ഹഖീഖത്ത് ആകട്ടെ ആ രോഗത്തിൽ നിന്നും ആത്യന്തികമായി പൂർണ്ണ സൗഖ്യം നേടലുമാണ്.

ഒരു വ്യക്തിക്ക് മരുന്നില്ലാതെ, അല്ലെങ്കിൽ മരുന്ന് കഴിക്കാതെ സൗഖ്യം ഉണ്ടാകുന്നില്ല."

ശരീഅത്ത് എന്ന അടിസ്ഥാന മരുന്നില്ലാതെ ആത്മീയ സൗഖ്യമോ ഉന്നതിയോ സാധ്യമല്ലെന്ന് റൂമി ഇതിലൂടെ കൃത്യമായി വ്യക്തമാക്കുന്നു.

മസ്നവി ഒന്നാം ഭാഗത്തിൽ താൻ ആരുടെ ദാസനാണെന്ന് അദ്ദേഹം സ്വയം ഓർമ്മിപ്പിക്കുന്നു:

"ഞാൻ അല്ലാഹുവിന്റെ സിംഹമാണ് (ശീറെ ഖുദാ); അല്ലാതെ എൻ്റെ തന്നിഷ്ടങ്ങളുടെയോ (ഹവാ) വികാരങ്ങളുടെയോ അടിമയല്ല.

ഞാൻ എന്ത് പ്രവർത്തിക്കുന്നുവോ, അതെല്ലാം ദൈവ സ്നേഹത്തിൽ മാത്രമായി ചെയ്യുന്നു."

യഥാർത്ഥ സൂഫിസത്തിൽ ശരീഅത്ത് (ഇസ്‌ലാമിക നിയമങ്ങൾ), തരീഖത്ത് (ആത്മീയ പാത), ഹഖീഖത്ത് (പരമസത്യം) എന്നിവ പരസ്പര പൂരകങ്ങളാണ്. ശരീഅത്ത് എന്ന അടിത്തറയില്ലാതെ ആത്മീയതയുടെ കെട്ടിടം ഉയർത്താൻ കഴിയില്ലെന്ന് റൂമി മനോഹരമായ ഉപമയിലൂടെ പഠിപ്പിക്കുന്നു:

"ശരീഅത്ത് ഒരു വിളക്കാണ് (Candle); അത് വഴി കാണിക്കുന്നു.

തരീഖത്ത് ആ വെളിച്ചത്തിൽ നടന്നു പോകുന്ന വഴിയാണ്.

ഹഖീഖത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരലുമാണ്."

വിളക്കില്ലാതെ ഇരുട്ടിൽ യാത്ര ചെയ്യാൻ കഴിയില്ലെന്നതുപോലെ തന്നെ, ഇസ്ലാമിന്റെ അടിസ്ഥാന ആചാരാനുഷ്ഠാനങ്ങളും (നമസ്കാരം, നോമ്പ്, ഹലാൽ-ഹറാം പരിപാലനം) നിയമങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് ആത്മീയ പുരോഗതി നേടാമെന്ന വാദം പൊള്ളയാണെന്ന് മാത്രമല്ല അതൊരു വലിയ ചതിയുമാണ്.

ലിബറൽ ആത്മീയതയും 'സെക്യുലർ റൂമി' നിർമ്മിതിയും

ഇന്നത്തെ ആധുനിക പാശ്ചാത്യ-ലിബറൽ വായനകളിൽ റൂമിയുടെ വരികളിൽ നിന്ന് ഖുർആനിക ചിഹ്നങ്ങളെയും പ്രവാചക പരാമർശങ്ങളെയും മനഃപൂർവ്വം മാറ്റിവെച്ച് പരിഭാഷപ്പെടുത്തുകയും, അതിനെ വെറുമൊരു "ഫീൽ ഗുഡ്" പ്രണയ കവിതകളാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.

ഇസ്ലാമിക നിഷ്ഠകളെല്ലാം മാറ്റിവെച്ച് 'സ്നേഹം മാത്രം മതി' എന്ന് പറയുന്ന വിചാരം റൂമിയുടേതല്ല. റൂമിയുടെ ദർശനത്തിൽ ദൈവസ്നേഹം എന്നാൽ ദൈവകൽപ്പനകളോടുള്ള പൂർണ്ണമായ അനുസരണവും പ്രവാചക അനുധാവനവുമാണ്.

സംഗീതവും ഡാൻസും:

റൂമിയുടെ പേരിലുള്ള 'സമാഇ' (Sama) അഥവാ വൃത്തത്തിൽ കറങ്ങിയുള്ള ആത്മീയ ധ്യാനം അല്ലാഹുവിന്റെ ദിവ്യസ്മരണയിലും മനസ്സിന്റെ ശുദ്ധീകരണത്തിലും ഊന്നിയുള്ളതായിരുന്നു. അതിനെ കേവല ലഹരിയായോ, വിനോദമായോ, വിധിവിരോധങ്ങൾ ലംഘിക്കാനുള്ള ലൈസൻസായോ മാറ്റുന്നത് റൂമി ദർശനത്തിന് വിരുദ്ധമാണ്.

പ്രവാചകചര്യയോടുള്ള ആദരവും പ്രവാചക സ്നേഹത്തെ കുറിച്ചും മസ്നവിയിൽ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്.

"ബുദ്ധിയും തർക്കവും അഹങ്കാരമാണ്; പ്രവാചക സ്നേഹത്തിലും വിധേയത്വത്തിലും സ്വയം ഇല്ലാതാവുക എന്നതാണ് യഥാർത്ഥ വഴികാട്ടി."

ഇസ്ലാമിന്റെ വിധിവിരോധങ്ങൾ പാലിക്കാതെ, ആത്മീയതയെ വിൽപനച്ചരക്കാക്കി മാറ്റിയ ലിബറൽ വായനകൾ ആളുകളെ ജീവിതവിശുദ്ധിയിൽ നിന്ന് അകറ്റുകയാണ് ചെയ്യുന്നത്.

സ്വർഗ്ഗപ്രതീക്ഷയോ നരകഭയമോ ഇല്ലാതെ ദൈവത്തെ സ്നേഹിക്കണം എന്ന് ആദ്യകാല സൂഫികൾ (ഉദാഹരണത്തിന് റാബിയത്തുൽ അദവിയ്യ) പറഞ്ഞതിന്റെ അർത്ഥം ദൈവത്തോടുള്ള പ്രണയത്തിന്റെ നിഷ്കളങ്കത കാണിക്കാനാണ്. അതിനർത്ഥം പരലോകത്തെ തള്ളിക്കളയലോ കർമ്മങ്ങൾ ഉപേക്ഷിക്കലോ അല്ല.

മസ്നവിയുടെ കാമ്പ് അറിഞ്ഞ് വായിക്കുന്നൊരാൾക്ക് റൂമിയിൽ കാണാൻ കഴിയുന്നത് താഴെ പറയുന്നവയാണ്

തീവ്രമായ ദൈവസ്നേഹം: പ്രപഞ്ചനാഥനിലേക്ക് അടുത്തുകൊണ്ടിരിക്കാനുള്ള ആഗ്രഹം.

അനുകരണീയമായ പ്രവാചക സ്നേഹം: നബി(സ്വ)യുടെ മാതൃക പൂർണ്ണമായി പിന്തുടരൽ.

സൃഷ്ടികളോടുള്ള കരുണ: അഹങ്കാരവും ദുർവികാരങ്ങളും വെടിഞ്ഞ് വിനയാന്വിതനാവുക.

ആത്മവിശുദ്ധീകരണം (തസ്കിയത്തുന്ന്ഫ്സ്):

ഈഗോ ഭസ്മീകരിച്ച് അല്ലാഹുവിലേക്ക് മടങ്ങുക.

മൗലാനാ റൂമിയെ ഇസ്ലാമിൽ നിന്നും ഖുർആൻ-ഹദീസുകളിൽ നിന്നും വേർപെടുത്തി വായിക്കുന്നത് അദ്ദേഹത്തിന്റെ ആത്മാവിനെത്തന്നെ വഞ്ചിക്കുന്നതിന് തുല്യമാണ്. ആധുനിക 'ലിബറൽ സൂഫിസം' നിർമ്മിച്ചെടുക്കുന്ന അതിരുകളില്ലാത്ത വിനോദ സംസ്കാരമല്ല യഥാർത്ഥ റൂമി ദർശനം. മറിച്ച്, ഇസ്ലാമിന്റെ ശരീഅത്തിലും ആത്മീയതയിലും ഉറച്ചുനിന്നുകൊണ്ട്, അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യമാക്കി പ്രവാചക പാതയിൽ ജീവിക്കാനുള്ള ആഹ്വാനമാണ് റൂമിയുടെ ഓരോ വരികളും. കാമ്പ് തിരിച്ചറിഞ്ഞ് അദ്ദേഹത്തെ വായിക്കുക എന്നതാണ് ഈ തെറ്റിദ്ധാരണകൾക്കുള്ള ഏക പരിഹാരം.