ആധുനിക കാലത്ത് സ്വൂഫിസം എന്ന പദം ഏറെ ജനകീയവും അതേസമയം ഏറെ ദുര്‍വ്യാഖ്യാനിക്കപ്പെട്ടതുമായ ഒന്നാണ്. ഇസ്ലാമിലെ ആന്തരിക ശുദ്ധീകരണ പ്രക്രിയയായ (തസ്‌കിയതുന്നഫ്‌സ്) സ്വൂഫിസത്തെ അതിന്റെ ശരീഅത്തധിഷ്ഠിത പശ്ചാത്തലത്തില്‍ നിന്ന് വേര്‍പ്പെടുത്തി കേവലം ആനന്ദത്തിന്റെയും മാനസിക വിനോദത്തിന്റെയും മാര്‍ഗം മാത്രമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് വ്യാപകമാണ്.

ആധുനികതയുടെയും ഉത്തരാധുനികതയുടെയും തത്ത്വശാസ്ത്ര വിശകലനങ്ങളില്‍ സ്വൂഫിസമെന്നത് പലപ്പോഴും ഇസ്ലാമിക പാരമ്പര്യത്തില്‍ നിന്ന് വേര്‍പ്പെടുത്തപ്പെട്ട ലിബറല്‍-സെക്കുലര്‍ ആത്മീയതയായോ കേവലമൊരു കലാപ്രകടനമായോ ചുരുക്കപ്പെടാറുണ്ട്. മതകീയ ചട്ടക്കൂടുകളില്‍ (ശരീഅത്ത്) നിന്നും നബിമാതൃകയില്‍ (സുന്നത്ത്) നിന്നും സ്വൂഫിസത്തെ അടര്‍ത്തിയെടുക്കുക എന്നത് കാലങ്ങളായി തുടരുന്ന പ്രക്രിയയാണ്. സ്വൂഫിസത്തെ ഇസ്ലാമിക സംജ്ഞകളില്‍ നിന്ന് വേര്‍തിരിക്കുകയും നൃത്തത്തിലൂടെയും സംഗീതത്തിലൂടെയും ഇസ്‌ലാമികവിരുദ്ധ സങ്കല്‍പ്പങ്ങളിലൂടെയും അതിനെ നിര്‍വചിക്കുകയും ചെയ്യുന്നത് തെറ്റും ചരിത്രപരമായി വ്യാജവുമാണ്.

ഇന്ന് പ്രധാനമായും മൂന്ന് തരത്തിലുള്ള വികലമായ കാഴ്ചപ്പാടുകളാണ് തസ്വവ്വുഫിനെക്കുറിച്ച് പ്രചരിപ്പിക്കപ്പെടുന്നത്:

1) തത്ത്വശാസ്ത്ര/സെക്കുലര്‍ സ്വൂഫിസം: ഇസ്ലാമിക വിശ്വാസപരമായ ബാധ്യതകളില്ലാത്ത, കേവലം ആത്മീയ വിചാരങ്ങളിലൊതുങ്ങുന്ന പാശ്ചാത്യ ഒാറിയന്റലിസ്റ്റ് നിര്‍മിതി.

2) വിനോദപരമായ സ്വൂഫിസം: നൃത്തം, സംഗീതം, സാഹിത്യം എന്നിവ മാത്രമാണ് സ്വൂഫിസമെന്ന ജനപ്രിയ വായന.

3) വ്യാജ ത്വരീഖത്തുകളും കറാമത്ത് ബിസിനസും: കറാമത്തുകള്‍ കാണിച്ച് ആളുകളെ ആകര്‍ഷിക്കുകയും ശരീഅത്ത് നിയമങ്ങള്‍ പാലിക്കാതെ സ്വയം 'മുര്‍ശിദാ(ഗുരു)യി പ്രഖ്യാപിക്കുകയും ചെയ്യുന്ന ആഭ്യന്തര അപചയം.

എന്താണ് യഥാര്‍ഥ സ്വൂഫിസം?

ഇസ്‌ലാമിക ശരീഅത്തിന്റെ ആത്മാവും അനുഷ്ഠാനങ്ങളുടെ ശുദ്ധീകരണവുമാണ് യഥാര്‍ഥ സ്വൂഫിസം. ഹദീസു ജിബ്രീലില്‍ പരാമര്‍ശിച്ച 'ഇഹ്‌സാന്‍' എന്ന ആശയത്തില്‍ നിന്നാണ് സ്വൂഫിസത്തിന്റെ ഉത്ഭവം. 'നീ അല്ലാഹുവിനെ കാണുന്നുവെന്ന രീതിയില്‍ അവനെ ആരാധിക്കുക, നിനക്ക് അവനെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്' എന്നാണ് റസൂല്‍(സ്വ) ഇഹ്‌സാനിന് നല്‍കിയ നിര്‍വചനം. ഈ ഇഹ്‌സാന്‍ ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കുന്ന വിജ്ഞാനശാഖയാണ് തസ്വവ്വുഫ്.

സ്വഹാബികളുടെയും താബിഉകളുടെയും കാലത്ത് തസ്വവ്വുഫ് എന്ന പ്രത്യേക നാമകരണം ആവശ്യമായിരുന്നില്ല. കാരണം, അവരുടെ ജീവിതം തന്നെ ആത്മീയതയുടെയും സുഹ്ദിന്റെയും (ഐഹിക വിരക്തി) പ്രായോഗിക രൂപമായിരുന്നു. എന്നാല്‍, ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ വികാസത്തോടെ ജനങ്ങളില്‍ ഭൗതികാസക്തി വര്‍ധിച്ചപ്പോള്‍ ഹസനുല്‍ ബസ്വരി(റ), സരിയ്യുസ്സഖതി(റ), ജുനൈദുല്‍ ബഗ്ദാദി(റ), ഇമാം ഗസാലി(റ) തുടങ്ങിയ പണ്ഡിതന്മാര്‍ ഇതിനെ ഫിഖ്ഹ്, ഹദീസ് പോലെ പ്രത്യേക പഠനശാഖയായി വികസിപ്പിച്ചു.

പണ്ഡിത നിരീക്ഷണങ്ങള്‍

ജുനൈദുല്‍ ബഗ്ദാദി(റ): ഖുര്‍ആനും സുന്നത്തും കൈമുതലായിട്ടില്ലാത്ത ഒരാളെയും തസ്വവ്വുഫിന്റെ മാര്‍ഗത്തില്‍ മാതൃകയാക്കാന്‍ കഴിയില്ല. കാരണം, ഈ മാര്‍ഗം പൂര്‍ണമായും ഖുര്‍ആനുമായും നബിചര്യയുമായും ബന്ധപ്പെട്ടിരിക്കുന്നു (അര്‍രിസാലതുല്‍ ഖുശൈരിയ്യ).

ഇമാം ഗസാലി(റ): ബാഹ്യമായ അനുഷ്ഠാനങ്ങളും മനസ്സിന്റെ ശുദ്ധീകരണവും സമന്വയിക്കുമ്പോഴാണ് ഒരാള്‍ യഥാര്‍ഥ സ്വൂഫിയാകുന്നത്. ശരീഅത്തില്ലാത്ത തസ്വവ്വുഫ് ശൂന്യവും തസ്വവ്വുഫില്ലാത്ത ശരീഅത്ത് ആത്മാവില്ലാത്ത ജീവച്ഛവവുമാണ് (ഇഹ്യാ ഉലൂമിദ്ദീന്‍).

ഇമാം മാലിക്(റ): തസ്വവ്വുഫ് മാത്രം സ്വീകരിക്കുകയും ഫിഖ്ഹ് ഉപേക്ഷിക്കുകയും ചെയ്യുന്നവന്‍ സിന്ദീഖ് (മാര്‍ഗം പിഴച്ചവന്‍) ആയിത്തീരും. ഫിഖ്ഹ് പഠിക്കുകയും തസ്വവ്വുഫ് അഭ്യസിക്കാതിരിക്കുകയും ചെയ്തവന്‍ ഫാസിഖ് (പാപി) ആയി മാറും.

അഹ്മദ് സര്‍ഹിന്ദി(റ): ആത്മീയ അനുഭവങ്ങള്‍ (കശ്ഫ്/വാരിദാത്ത്) ശരീഅത്തിന്റെ അതിര്‍വരമ്പുകള്‍ക്ക് വിധേയമായിരിക്കണം. ശരീഅത്തിനെതിരാകുന്ന ഏതൊരു ആത്മീയ അനുഭവവും പിശാചിന്റെ പ്രലോഭനമായിരിക്കും.

ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി(റ): തസ്വവ്വുഫ് എന്നത് പ്രവാചക മാതൃക അനുസരിച്ച് മനസ്സിനെ രോഗങ്ങളില്‍ (അസൂയ, അഹങ്കാരം, ലൗകികാസക്തി) നിന്ന് ശുദ്ധീകരിക്കലാണ്.

ശരീഅത്തിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിന്ന് അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുക, മനസ്സിനെ തന്നിഷ്ടങ്ങളില്‍ നിന്നു മോചിപ്പിക്കുക, അഹങ്കാരം, അസൂയ, ഭൗതികാസക്തി എന്നിവയില്‍ നിന്ന് ശുദ്ധീകരിക്കുക എന്നതാണ് യഥാര്‍ഥത്തില്‍ സ്വൂഫിസത്തിന്റെ ലക്ഷ്യം. യഥാര്‍ഥ സ്വൂഫിസമെന്നത് ഖുര്‍ആനിലും പ്രവാചക ചര്യയിലും അധിഷ്ഠിതമായ ജീവിതമാണ്. മനസ്സിന്റെ ശുദ്ധീകരണവും (തസ്‌കിയ) റബ്ബിനോടുള്ള ആത്മാര്‍ഥതയും (ഇഖ്‌ലാസ്വ്) ബാഹ്യമായ കര്‍മങ്ങള്‍ (ശരീഅത്ത്) ആന്തരിക വിശുദ്ധിയോടെ ഉള്ളറിഞ്ഞ് അനുഷ്ഠിക്കലും അതിന്റെ സവിശേഷതകളാണ്.

ആധുനിക സ്വൂഫിസവും

അദൈവിക വാദങ്ങളും

പാശ്ചാത്യ വിചാരധാരകളും ലിബറല്‍ ചിന്തകരും സ്വൂഫിസത്തെ ഇസ്ലാമില്‍ നിന്ന് വേര്‍പ്പെടുത്തി ഒരു 'സാര്‍വലൗകിക തത്ത്വശാസ്ത്രം' മാത്രമായി അവതരിപ്പിക്കാറുണ്ട്. എന്നാല്‍ സ്വൂഫിസത്തില്‍ ദൈവമെന്നത് കേവലമൊരു തത്ത്വമല്ല, മറിച്ച് പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ഏകനായ അല്ലാഹുവാണ്. അവനിലുള്ള അചഞ്ചലമായ വിശ്വാസമാണ് സ്വൂഫിസത്തിന്റെ അടിത്തറ. അതിനാല്‍ അദൈവികമായോ അല്ലെങ്കില്‍ സെക്കുലര്‍ ചിന്താഗതിയിലധിഷ്ഠിതമായോ ഉള്ള സ്വൂഫിസമെന്ന സങ്കല്‍പ്പം തന്നെ വിരോധാഭാസമാണ്.

തത്ത്വശാസ്ത്രജ്ഞര്‍ ആത്മീയതയെ ചിന്തകള്‍ കൊണ്ടും തര്‍ക്കങ്ങള്‍ കൊണ്ടും സമീപിക്കുമ്പോള്‍ സ്വൂഫികള്‍ അതിനെ അനുഷ്ഠാനങ്ങളും സ്വയം സംസ്‌കരണവും (മുജാഹദ) വഴി സമീപിക്കുന്നു. തത്ത്വശാസ്ത്രത്തില്‍ അനുഷ്ഠാനങ്ങള്‍ക്ക് പ്രാധാന്യമില്ലെങ്കിലും തസ്വവ്വുഫില്‍ ശരീഅത്തനുസരിച്ചുള്ള അനുഷ്ഠാനങ്ങളില്ലാതെ ഒരടി മുന്നോട്ട് പോകാന്‍ കഴിയില്ല.

സ്വൂഫികളെക്കുറിച്ചുള്ള

പാശ്ചാത്യന്‍ ദുര്‍വ്യാഖ്യാനങ്ങള്‍

സ്വൂഫീ മാര്‍ഗത്തെ തന്നിഷ്ട പ്രകാരം അവതരിപ്പിച്ചുതുടങ്ങിയത് പാശ്ചാത്യന്‍ ഒാറിയന്റലിസ്റ്റുകളാണ്. എന്നാല്‍ സ്വൂഫികള്‍ പറയുന്ന വചനപ്പൊരുളുകള്‍ ഇസ്‌ലാമിന്റെ തൗഹീദില്‍ അധിഷ്ഠിതമാണ്.

1. മൗലാനാ ജലാലുദ്ദീന്‍ റൂമി(റ)

റൂമിയുടെ മസ്നവി യഥാര്‍ഥത്തില്‍ പരിശുദ്ധ ഖുര്‍ആനിന്റെയും ഹദീസുകളുടെയും ആത്മീയ വ്യാഖ്യാനമാണ് ('പേര്‍ഷ്യന്‍ ഭാഷയിലെ ഖുര്‍ആന്‍' എന്ന് അതിനെ പലരും വിശേഷിപ്പിച്ചു). എന്നാല്‍ Coleman Barks പോലെയുള്ള പാശ്ചാത്യ പരിഭാഷകര്‍ റൂമിയുടെ വരികളില്‍ നിന്ന് അല്ലാഹു, റസൂല്‍, ഖുര്‍ആന്‍, നിസ്‌കാരം പോലുള്ള പദങ്ങള്‍ മനഃപൂര്‍വം ഒഴിവാക്കി വിവര്‍ത്തനം ചെയ്തു. ശരീഅത്ത് പാലിക്കാതെ കേവലം 'ആനന്ദ ലഹരിയും പ്രണയവു'മാണ് റൂമിയുടെ സ്വൂഫിസമെന്ന് പ്രചരിപ്പിക്കുന്നത് വലിയ നെറികേടാണ്.

ദീവാനെ ശംസ് തബ്‌രീസിയില്‍ റൂമി വ്യക്തമാക്കി: ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുര്‍ആന്റെ ദാസനാണ്. റബ്ബിന്റെ തിരുദൂതരായ മുഹമ്മദ്(സ്വ)യുടെ പാദധൂളിയാണ് ഞാന്‍. ഇതിലപ്പുറം എന്റെ വരികളെ ആരെങ്കിലും വ്യാഖ്യാനിച്ചാല്‍ അവരില്‍ നിന്നും അവരുടെ വാക്കുകളില്‍ നിന്നും ഞാന്‍ ഒഴിഞ്ഞുമാറുന്നു; എനിക്ക് അതില്‍ യാതൊരു ബന്ധവുമില്ല.

സമാഅ് (Sama) എന്ന പ്രത്യേക സ്വൂഫീ കൂടിച്ചേരലുകള്‍ ശരീഅത്തിന്റെ പരിധികള്‍ ലംഘിക്കാതെ നാഥനിലേക്കടുക്കാനുള്ള പരിശീലനങ്ങളാണ്. എന്നാല്‍ മാനസിക ഉന്മാദത്തോടും ആണ്‍-പെണ്‍ കലര്‍പ്പുകളോടെയും വാദ്യമേളങ്ങളോടെയും നൃത്തം ചെയ്യുന്ന ആധുനിക രീതിക്ക് റൂമിയുടെ സമാഇലോ ഇസ്ലാമിക തസ്വവ്വുഫിലോ യാതൊരു അടിസ്ഥാനവുമില്ല.

2. ശൈഖുല്‍ അക്ബര്‍ ഇബ്‌നു അറബി(റ)

ഇബ്‌നു അറബി(റ) മുന്നോട്ടുവെച്ച 'വഹ്ദതുല്‍ വുജൂദ്' എന്ന ആശയത്തെ അദ്വൈത വേദാന്തത്തോടും മറ്റ് തത്ത്വശാസ്ത്രങ്ങളോടും ചേര്‍ത്തുകെട്ടുന്നത് വലിയ അബദ്ധമാണ്. അല്ലാഹു സൃഷ്ടികള്‍ക്ക് അതീതനാണ് (മുഖാലഫതുന്‍ ലില്‍ ഹവാദിസ്) എന്ന ഇസ്ലാമിക അടിസ്ഥാന പ്രമാണത്തില്‍ ഉറച്ചുനില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ ദര്‍ശനം.

അതുപോലെ, ആദം നബി(അ)യെ ഉദ്ധരിച്ച് ഇബ്‌നു അറബി(റ) പറഞ്ഞ വചനവും ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. വിലക്കപ്പെട്ട മരത്തിന്റെ പഴം കഴിക്കരുത് എന്ന് അല്ലാഹു എന്നോടാണ് പറഞ്ഞിരുന്നതെങ്കില്‍ 'ഞാനാ മരം വേരോടെ പിഴുതെറിയുമായിരുന്നു' (അതിലേക്ക് അടുക്കുകയോ പ്രലോഭനത്തിന് വഴിപ്പെടുകയോ ചെയ്യാതിരിക്കാന്‍) എന്നാണ് അല്‍ഫുതൂഹാതുല്‍ മക്കിയ്യയില്‍ അദ്ദേഹം രേഖപ്പെടുത്തിയത്. അതായത്, നാഥന്‍ വിലക്കിയ പാപത്തിന്റെ വഴികളെ പൂര്‍ണമായി ഇല്ലാതാക്കുമെന്ന തീവ്രാനുസരണത്തിന്റെ ഭാഷയാണത്. എന്നാല്‍ വ്യാകരണവും സന്ദര്‍ഭവുമറിയാതെ ഇതിനെ അല്ലാഹുവിനോടുള്ള ധിക്കാരമായി ശത്രുക്കള്‍ തലതിരിച്ചു വ്യാഖ്യാനിച്ചു.

3. ബീവി റാബിഅതുല്‍ അദവിയ്യ(റ)

സ്വര്‍ഗപ്രതീക്ഷയോ നരകഭയമോ ഇല്ലാതെ നാഥനെ സ്‌നേഹിക്കണമെന്ന് റാബിഅ(റ) പറഞ്ഞത് ഇഖ്‌ലാസ്വിന്റെയും (നിഷ്‌കളങ്കത) ഇഹ്സാന്റെയും ഉന്നത തലത്തെ (മഖാം) വിവരിക്കാനാണ്. രാത്രി മുഴുവന്‍ കരഞ്ഞു നിസ്‌കരിച്ചിരുന്ന, ഉന്നതമായ തഖ്‌വ പുലര്‍ത്തിയിരുന്ന അവരെ 'ഫെമിനിസ്റ്റ് സ്വൂഫി' എന്ന് വിശേഷിപ്പിച്ച് ഇബാദത്തുകളെ നിസ്സാരവല്‍ക്കരിക്കാന്‍ ലിബറലുകള്‍ ദുരുപയോഗം ചെയ്യുന്നു.

ഇത്തരം വ്യാജ നിര്‍മിതികളിലൂടെ ലിബറല്‍ സ്വൂഫിസത്തിന്റെ വക്താക്കള്‍ ലക്ഷ്യം വെക്കുന്നത് ഇവയാണ്.

1) ഇബാദത്തുകള്‍ കൈവെടിയാനുള്ള ത്വര സൃഷ്ടിക്കുക. സ്വൂഫിസം മനസ്സിലാണ്, അതുകൊണ്ട് അഞ്ചുനേരത്തെ നിസ്‌കാരമോ ഹലാലോ ഹറാമോ നോക്കേണ്ടതില്ല എന്ന ചിന്ത സാധാരണക്കാരില്‍ വളര്‍ത്തുന്നു.

2) അവനവനിസം: സ്വയം തോന്നുന്ന രീതിയില്‍ ജീവിക്കുകയും അതിനെ 'എന്റെ സ്വൂഫി വഴി' എന്ന് വിശേഷിപ്പിക്കുകയും ചെയ്യുക.

3) ഇസ്‌ലാമിക വ്യക്തിത്വം നഷ്ടപ്പെടല്‍: സ്വൂഫിസം ഇസ്‌ലാമിന്റെ ഭാഗമല്ല, മറിച്ച് ഇസ്‌ലാമിന് പുറത്തുള്ള ഏതോ സ്വതന്ത്ര തത്ത്വചിന്തയാണെന്ന തെറ്റിദ്ധാരണ ഉണ്ടാകുന്നു.

എന്നാല്‍ ശരീഅത്തില്ലാത്ത തസ്വവ്വുഫ് വഴികേടും ദൈവനിഷേധവുമാണ്. പ്രമുഖരായ സ്വൂഫിവര്യന്മാരെല്ലാം തന്നെ ഖുര്‍ആനിലും സുന്നത്തിലും അധിഷ്ഠിതമായ ജീവിതം നയിച്ചവരാണ്. അവരുടെ ആത്മീയ ഭാഷയെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ലിബറലൈസ് ചെയ്യുന്നത് യഥാര്‍ഥ സ്വൂഫിസത്തോടും ഇസ്‌ലാമിനോടുമുള്ള കടുത്ത അനീതിയാണ്.

വ്യാജ ത്വരീഖത്തുകളും

കറാമത്ത് ബിസിനസും

യഥാര്‍ഥ സ്വൂഫിസം നേരിടുന്ന ഏറ്റവും വലിയ ആന്തരിക ഭീഷണി വ്യാജ ആത്മീയ ഗുരുക്കന്മാരും വ്യാജ ത്വരീഖത്തുകളുമാണ്. പ്രവാചകന്മാരല്ലാത്ത തന്റെ ഇഷ്ടദാസന്മാരില്‍ (ഔലിയാക്കള്‍) നിന്ന് അല്ലാഹുവിന്റെ ഇച്ഛയാല്‍ വെളിവാകുന്ന, സാധാരണക്ക് വിരുദ്ധമായ കാര്യങ്ങളാണ് 'കറാമത്ത്.' എന്നാല്‍ ഔലിയാക്കളുടെ ലക്ഷ്യം കറാമത്ത് കാണിക്കലല്ല.

അബൂഅലി അല്‍ജുര്‍ജാനി(റ): നീ കറാമത്തുകള്‍ തേടിപ്പോകുന്നവനാകാതിരിക്കുക. മറിച്ച് ഇസ്തിഖാമത്തിനെ തേടുന്നവനാവുക. കാരണം നിന്റെ മനസ്സ് കറാമത്തുകളെ ആഗ്രഹിക്കുമ്പോള്‍ അല്ലാഹു നിന്നില്‍ നിന്ന് ഇസ്തിഖാമത്താണ് ആവശ്യപ്പെടുന്നത്.

ഇമാം അല്‍ഖുശൈരി(റ): വെള്ളത്തിന് മീതെ നടക്കുന്നതോ വായുവില്‍ പറക്കുന്നതോ അല്ല കാര്യം; അല്ലാഹുവിന്റെ കല്‍പ്പനകള്‍ കൃത്യമായി പാലിക്കുകയും വിരോധിച്ചവയില്‍ നിന്ന് അകന്നുനില്‍ക്കുകയുമാണ് യഥാര്‍ഥ കറാമത്ത്.'

വ്യാജ ത്വരീഖത്തുകാരുടെ

ലക്ഷണങ്ങള്‍

ശരീഅത്ത് ലംഘനം: ആത്മീയമായി ഉയര്‍ന്ന പദവിയിലെത്തിയതിനാല്‍ ഇനി നിസ്‌കാരവും വ്രതവുമടക്കമുള്ള ശരീഅത്ത് നിയമങ്ങള്‍ നിര്‍ബന്ധമില്ലെന്ന് വാദിക്കുക (ഇത് അവിശ്വാസമാണ്).

കറാമത്ത് വിപണനം: അത്ഭുതങ്ങള്‍ കാണിച്ച് ആളുകളെ ആകര്‍ഷിക്കുകയും അന്ധമായ വ്യക്തിപൂജ വളര്‍ത്തുകയും ചെയ്യുക.

ഹറാമുകള്‍ ഹലാലാക്കല്‍: ലിംഗഭേദമില്ലാത്ത ആഭാസകരമായ കൂട്ടായ്മകള്‍, ലഹരി ഉപയോഗം എന്നിവയെ 'ആത്മീയതയുടെ' പേരില്‍ ന്യായീകരിക്കുക.

സാമ്പത്തിക ചൂഷണം: ആത്മീയ പദവികളുടെ പേരിലും മജ്‌ലിസുകളുടെ പേരിലുമുള്ള സാമ്പത്തിക ചൂഷണം.

ഇമാം ശാതിബി(റ) അല്‍ഇഅ്തിസാം എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കി: പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ എന്ത് അത്ഭുതം കാണിച്ചാലും അത് കറാമത്തല്ല, പിശാചിന്റെ ദുര്‍ബോധനമായ 'ഇസ്തിദ്‌റാജാ'ണ്.

ചുരുക്കത്തില്‍, സ്വൂഫിസം അകത്തുനിന്നും പുറത്തുനിന്നും കടുത്ത ഭീഷണികള്‍ നേരിടുന്നു. പുറത്തുനിന്ന്, അതിനെ ഇസ്ലാമില്‍ നിന്ന് വേര്‍പ്പെടുത്തി കേവല തത്ത്വശാസ്ത്രവും ആസ്വാദനവുമാക്കാന്‍ ശ്രമിക്കുമ്പോള്‍ അകത്തുനിന്ന്, കറാമത്തുകളുടെയും വ്യാജ ത്വരീഖത്തുകളുടെയും പേരില്‍ അന്ധവിശ്വാസികളും ചൂഷകരും അതിനെ മലിനമാക്കുന്നു.

യഥാര്‍ഥ തസ്വവ്വുഫിന്റെ തത്ത്വം ലളിതമാണ്. പരിശുദ്ധ ഖുര്‍ആനും പ്രവാചക സുന്നത്തുമാണ് അതിന്റെ അടിത്തറ. മനസ്സിന്റെ ആന്തരിക രോഗങ്ങളില്‍ നിന്നുള്ള മോചനമാണ് (തസ്‌കിയ) അതിന്റെ പാത. റബ്ബിന്റെ പ്രീതിയും ഇഹ്‌സാനിന്റെ ഉന്നത പദവിയുമാണ് ലക്ഷ്യം. പ്രവാചക മാതൃക അനുസരിച്ച് ബാഹ്യവും ആന്തരികവുമായ ജീവിത വിശുദ്ധി കൈവരിക്കുന്നതാണ് ശരിയായ സ്വൂഫിസം.

സുന്നിവോയ്‌സ് ദ്വൈവാരിക

2026 ഒക്ടോബര്‍ 16-31